തിരുവനന്തപുരം: പുതിയ നാല് തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിച്ച് നടപ്പിലാക്കുന്ന പുതിയ കോഡുകൾക്കെതിരെയാണ് മന്ത്രി നിലപാട് അറിയിച്ചത്.
തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, സുരക്ഷിതമായ തൊഴിൽ സാഹചര്യം എന്നിവയിൽ വെള്ളം ചേർക്കുന്നതാണ് പുതിയ പരിഷ്കാരങ്ങളെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികൾ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് തൊഴിൽ. എന്നിട്ടും സംസ്ഥാന സർക്കാരുകളുമായോ കേന്ദ്ര ട്രേഡ് യൂണിയനുകളുമായോ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായ ഇത്തരം ചർച്ചകൾ ഒഴിവാക്കുന്നത് രാജ്യത്തെ തൊഴിൽ സമാധാനം തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അതിനാൽ പുതിയ നാല് തൊഴിൽ കോഡുകൾ ഉടൻ പിൻവലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.